ഇത് നിർമ്മാണത്തിലുള്ള വെബ്‌സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

കൊച്ചി താലൂക്കില്‍ കൊച്ചി തുറമുഖത്തിനു തൊട്ടു വടക്ക്‌ ഏതാണ്ട് 25 കി. മീറ്റർ നീളത്തിലും 3 കി. മീറ്റര്‍ വീതിയിലും തെക്കു-വടക്ക്‌ സ്ഥിതി ചെയ്യുന്നതാണ്‌ ഇതിന്റെ വിസ്തൃതി.

കൊടുങ്ങല്ലൂര്‍ (മുസിരിസ്‌) അഴിമുഖത്തിന്‌ തെക്ക്‌ മട്ടാഞ്ചേരിയുമായി പ്രകൃതിദത്ത ജലാശയബന്ധം സ്ഥാപിച്ച്‌ നിലകൊള്ളുന്ന പ്രദേശമാണ്‌ വൈപ്പിന്‍കര. 

എ.ഡി. 1341-ല്‍ കേരളത്തിന്റെ പശ്ചിമഘട്ടത്തിൽ നിന്നുത്ഭവിച്ച മഹാപ്രളയത്തിൽ മണ്ണും മരങ്ങളും മലയോരങ്ങളിലെ പാറകളും വരെ കുത്തിയൊലിക്കപ്പെട്ടു. പെരിയാർ കുലംകുത്തിയൊഴുകി. പാറകള്‍ തമ്മിലിടിച്ച്‌ ഒഴുക്കിനിടയിൽ കഷ്ണങ്ങളായി, തരികളായി ഒഴുക്കിനൊത്ത്‌ മുന്നോട്ടു കുതിച്ചെത്തി. ആ മണലത്രയും വന്നു നിറഞ്ഞത്‌ അന്നത്തെ പ്രധാന തുറമുഖമായിരുന്ന മുസിരിസിൽ. മണൽ നിറഞ്ഞതോടെ നദിയുടെ ഒഴുക്ക്‌ തടസ്സപ്പെട്ടു. പിന്നീട്‌ ദിശമാറി തെക്കോട്ട്‌ ഒഴുകിയ പെരിയാർ ധാരാളം ചെളിയും മണലും വഹിച്ചുകൊണ്ടു പോന്നു. ആ മണലും ചെളിയും പ്രയാണത്തിനിടയില്‍ ഘട്ടം ഘട്ടമായി ഉപേക്ഷിച്ചു. ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട ചെളിയും മണലും കാലാന്തരത്തില്‍ ഉറച്ചുണ്ടായതാണ്‌ വൈപ്പിൻ ദ്വീപ്‌.

കൊച്ചി തുറമുഖം ഇന്നത്തെ രൂപത്തില്‍ ആകുന്നതിനുമുമ്പ്‌ കൊച്ചി രാജ്യത്തെ പ്രധാന തുറമുഖം ഞാറക്കല്‍ ആയിരുന്നു. കപ്പലുകള്‍ അടുത്ത്‌ ചരക്കുകൾ കയറ്റിറക്കുകൾ നടത്തിയിരുന്ന ഒരു വ്യാപാര ക്രേന്ദ്രം ആയിരുന്നുവെന്നും, ലെന്തസൈന്യം (ഡച്ച്‌ സൈന്യം) ഞാറക്കല്‍ വന്നിറങ്ങിതായും കൊച്ചി ചരിത്രത്തിൽ പറയുന്നു.

ആദ്യകാലത്ത്‌ വൈപ്പിൻ കരയ്ക്ക്‌ പുതുവൈപ്പ്‌എന്നും പേരുണ്ടായിരുന്നു. 1965 ൽ പ്രസിദ്ധീകരിച്ച ഗസറ്റില്‍; എ.ഡി. 1341-ല്‍ കായൽ കരയെ കീറിപിളര്‍ത്തി കടലിലേക്ക്‌ പ്രവേശിച്ച്‌ അഴിയുണ്ടായി അതേസമയം തന്നെ വൈപ്പിൻ കര പൊങ്ങിവരികയും ചെയ്തുവെന്ന ഐതിഹ്യത്തെ ആവര്‍ത്തിക്കുന്നു. എ. ശ്രീധരമേനോന്റെ കേരള ചരിത്രത്തിലും ഇതേ ആവര്‍ത്തനം അടങ്ങിയിട്ടുണ്ട്‌.